ബോണ്‍മോത്ത്: നാദവിസ്മയത്തിന്റെ അസുലഭ മൂഹൂര്‍ത്തങ്ങളുമായി യുകെയിലെ ജനപ്രിയ മ്യൂസിക്കല്‍ മെഗാഷോ നീലാംബരി ആറാം സീസണ് എത്തുന്നു. വേര്വുഡ് ഹബ് ലെഷര്‍ സെന്ററില്‍ ഈ മാസം 26നാണ് നീലാംബരി അരങ്ങേറുന്നത്.
വിവിധ ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഗായകരാണ് പരിപാടിയില്‍ സ്വരലയ വിന്യാസം ഒരുക്കുക. ഇതിനു പുറമേ മെയ്വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്ത നര്‍ത്തകരും പങ്കെടുക്കും.
2021ല്‍ ഗിരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ നടത്തിയ മ്യൂസിക്കല്‍ പ്രോഗ്രാമിന് വലിയ സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്നാണ് സംഘാടകര്‍ നീലാംബരി പരമ്പര ആരംഭിക്കുന്നത്.
പുതുമുഖഗായകര്ക്കു അവസരം നല്കാന് ഇക്കുറി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു.
കേരളസ്റ്റൈല്‍ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ് കൗണ്ടറും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് പരിപാടി ആരംഭിക്കും.